Saturday, 28 September 2013

പ്രണവ വേദ൦-മാനസാധനവും മാഹാത്മ്യവും-രചന:ചട്ടമ്പിസ്വാമികൾ

                                         മാനസാധനവും മാഹാത്മ്യവും-
                                                              രചന:ചട്ടമ്പിസ്വാമികൾ

                     ബ്രഹ്മവാചകമാണ് ഓങ്കാരം. അതു പ്രണവം. പരബ്രഹ്മസ്വരൂപം. അതിൽനിന്ന് അതിന്റെ ഘടകങ്ങളെ ആശ്രയിച്ച് സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളും അതിനെ തുടർന്ന് ശക്തികളും, മൂർത്തികളും, കാലങ്ങളും, ലോകങ്ങളും എല്ലാം സംജാതങ്ങളായി. ‘ഭൂഃ ഭുവഃ സ്വഃ’ എന്ന വ്യാഹൃതികളും ‘ഐം ക്ലീം സൗഃ’ എന്ന ബീജമന്ത്രങ്ങളും ‘ഓം തത് സത്,’ എന്ന ബ്രഹ്മമന്ത്രവും, മറ്റു മന്ത്രങ്ങളും സകലവിധ ത്രിവർഗ്ഗങ്ങളും വേദവേദാന്തവേദാംഗാദിവിദ്യകളും ഒന്നിനൊന്നു തുടരെ പ്രണവത്തിൽ നിന്നു തന്നെ പ്രകാശമാനങ്ങളായിത്തീർന്നു. സൃഷ്ടികർത്താവു തന്നെ അതിപ്രധാനങ്ങളായ ഋക്, യജുസ്സ്, സാമം എന്ന മൂന്നു വേദങ്ങളിലുമുള്ള രഹസ്യഭാഗങ്ങൾ സാരസമുച്ചയം ചെയ്തു പ്രത്യേകം സംഗ്രഹിച്ചിട്ട് എട്ടെട്ടക്ഷരങ്ങളിലാക്കി ഗായത്രീഛന്ദസ്സിൽ ചേർത്തു മൂന്നു പാദങ്ങൾ കൂട്ടി അഞ്ചു സന്ധികൾ കാട്ടി 24 അക്ഷരത്തിൽ ഒരു മഹാമന്ത്രം നിർമ്മിച്ചിട്ടുണ്ട്. അതാണ് ‘ഗായത്രി’ എന്ന സുപ്രസിദ്ധമായ മഹാമന്ത്രം.[10] പ്രപഞ്ചം നിശ്ശേഷം അതിന്നധീനമാണെന്നു പറഞ്ഞാൽ പിന്നെ അതിന്റെ മാഹാത്മ്യം വർണ്ണിക്കണമെന്നുണ്ടോ? ഇല്ല. നിശ്ചയം. അങ്കവർഗ്ഗം 81 അംഗുലം. അതു കാലചക്രപരിധി. അതിൽ രാശിചക്രകലാരൂപത്തിൽ 21600 ശ്വാസങ്ങൾ അടങ്ങിയിട്ടുണ്ട്. ത്രിവർഗ്ഗ (9 അംഗുലം) ത്തിൽ 2400 ശ്വാസങ്ങൾ കണക്കാക്കാം. ദിഗ്വർഗ്ഗം എന്നത് 100 ദിഗ്വർഗ്ഗംകൊണ്ട് 2400നെ കഴിച്ചാൽ (2400 100 = 24) ഫലം 24 എന്നുവരും. ഇതാണ് മാനസാധനത്തിനുള്ള (മുഴക്കോൽ) അംഗുലസംഖ്യ, ഇരുപത്തിനാലുപ്രാണമുദ്രയാണ് 24 അംഗുലമായി പരിണമിച്ചതെന്നും അനുമാനിക്കാം. അംഗുലത്തിന്റെ മാനപ്രമാണം പ്രാണമുദ്ര തന്നെയാണ്. പ്രാണമുദ്രയെന്നത് കരോപഹാരകൽപനയിൽ പ്രാണാഹൂതിക്ക് ‘പ്രാണായസ്വാഹാ’ എന്നുച്ചരിക്കുമ്പോൾ ഒരു മുദ്ര കാണിക്കുക പതിവുണ്ട്. അതു വലതുകൈ ചെറുവിരലിലും പവിത്രവിരലും ചേർത്തുപിടിച്ച് അതിൽ പെരുവിരൽത്തുമ്പ് കൊള്ളിക്കുന്നതാണ്. ആ മുദ്രയാണ് പ്രാണമുദ്ര. അതുതന്നെയാണ് അംഗുലം. സാമാന്യം ഒരു പുരുഷന്റെ പവിത്രവിരലും ചെറുവിരലും ചേർത്ത് പവിത്രവിരലിന്റെ കടയിൽ നിന്നും മേലോട്ട് രണ്ടാമത്തെ വരയേ ലക്ഷ്യപ്പെടുത്തി വിലങ്ങനെ ഒരു തോതിടണം. എന്നാൽ അത് ഒരംഗുലമായിത്തീരും. വിരലുകൾക്ക് കേടുപാടുകളും തഴമ്പും ഒന്നും ഇല്ലാതെയും ഇരിക്കണം. ഈ തോതിൽ 24 അംഗുലം കൂട്ടുമ്പോൾ ഒരു കോൽസമ്പൂർണ്ണം. അംഗുലം എന്നത് ഒരു വിരൽ എന്നും പ്രമാണം ഉണ്ട്. അങ്ങിനെ വരുമ്പോൾ പവിത്രവിരലിന്റെ നടുത്തുണ്ടത്തിൽ വച്ച് വിലങ്ങനെ ഒരു തോതെടുക്കണം. അതാണ് ഒരു വിരൽ പ്രമാണമായ അംഗുലം. മുഴക്കോൽ ഗായത്രീരൂപം എന്നുതന്നെയല്ല, മൂർത്തിത്രയാത്മകവും ആണ്. ദ്വിഘനത്തെ (8-നെ) ഗുണസംഖ്യ (3) കൊണ്ടു ഗുണിച്ചാൽ (8×3= 24) 24 എന്ന സംഖ്യ കിട്ടും. ചതുർവിംശതി സംഖ്യാകമായ[11] ഗായത്രിമന്ത്രത്തിന്റെ അക്ഷരങ്ങളിൽ എട്ടെണ്ണവും എടുത്ത് എട്ടെട്ടംഗുലങ്ങളാക്കി മാനസാധനത്തിന്റെ (മുഴക്കോലിന്റെ) കടയ്ക്കലും നടുക്കും, തലയ്ക്കലും ന്യസിച്ചിട്ടുണ്ട്. ബ്രഹ്മാവിനേയും, വിഷ്ണുവിനേയും, ശിവനേയും കട മുതൽ മൂന്നു സ്ഥാനങ്ങളിലും അടക്കം ചെയ്തിട്ടുമുണ്ട്. ‘തത്”മുതൽ ‘ണ്യം’ വരെ 8 അക്ഷരം ബ്രഹ്മസ്വരൂപമാക്കി മുഴക്കോലിന്റെ ചുവട്ടിലും ‘ഭ”മുതൽ ‘ഹി”വരെ 8 അക്ഷരം വിഷ്ണുസ്വരൂപമാക്കി മുഴക്കോലിന്റെ മദ്ധ്യത്തിലും. ‘ധി’ മുതൽ ‘യാത്”വരെ 8 അക്ഷരം ശിവസ്വരൂപമാക്കി മുഴക്കോലിന്റെ അഗ്രത്തിലും അംഗുലരൂപേണ സ്ഥാപിച്ചിരിക്കുകയാണ്. ഇതുകൊണ്ട് മൂർത്തിത്രയാത്മകം’എന്നു മേൽ പ്രസ്ഥാവിച്ചത് സ്പഷ്ടമാണല്ലോ. മുഴക്കോലിന് ചുവടും തലയുമുണ്ടോ എന്നു ചിലർ ചോദിക്കാറുണ്ട്. അതിന്റെ രഹസ്യം അവർക്കറിഞ്ഞുകൂടാ. അതുകൊണ്ടു ചോദിച്ചതാണെന്നു സമാധാനിക്കണം. ശില്പികൾ ഗായത്ര്യുപാസകന്മാരായിരിക്കണം. അവർ ബ്രഹ്മസർവസ്വമായ മുഴക്കോലിനെ ഗായത്രീമന്ത്രാക്ഷരം ന്യസിച്ച് പൂജിച്ച് സംഗ്രഹിക്കണം, അല്ലെങ്കിൽ മഹനീയമായ ഈ മാനദണ്ഡം കൊണ്ട് മറ്റുള്ളവർ അതിന്റെ മാഹാത്മ്യം അറിയാതെ പട്ടി, പൂച്ച മുതലായവയെ തല്ലുന്നതിനും കാക്ക, കോഴി മുതലായവവയെ എറിയുന്നതിനും ഊന്നി നടക്കുന്നതിനും ഉപയോഗമുള്ളതാണെന്നു കരുതിയേക്കാം.

No comments:

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...